10-April-2023 -
By. news desk
കൊച്ചി: അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തൊട്ടാകെ നൂറ് പാലങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുന്നത്തുനാട് മണ്ഡലത്തില്‍ പുനര്‍നിര്‍മിച്ച ഐരാപുരം തട്ടുപാലത്തിന്റെയും മണ്ണൂര്‍ഐരാപുരം റോഡിന്റെ പുനര്‍ നിര്‍മാണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.അഞ്ചു വര്‍ഷംകൊണ്ട് നൂറു പാലങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക എന്നത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. ഈ ലക്ഷ്യത്തിന്റെ ആദ്യഘട്ടമായി 2024 ല്‍ 50 പാലങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ 2023 ആദ്യം തന്നെ ലക്ഷ്യത്തിലെത്തി. ഐരാപുരം തട്ടുപാലം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന അന്‍പത്തി മൂന്നാമത്തെ പാലമാണെന്നും മന്ത്രി പറഞ്ഞു. കരാര്‍ കാലാവധിക്ക് മൂന്നുമാസം മുന്‍പേ തന്നെ തട്ടുപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി.
105 പാലങ്ങളുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. അഞ്ചു കോടി രൂപ മുതല്‍ മുടക്കില്‍ ബി എം ആന്റ് ബി സി നിലവാരത്തിലാണ് മണ്ണൂര്‍ഐരാപുരം റോഡിന്റെ പുനര്‍ നിര്‍മാണം നടത്തുന്നത്.അരനൂറ്റാണ്ട് മുന്‍പ് നിര്‍മിച്ച തട്ടുപാലം നാശോന്മുഖമായതിനെ തുടര്‍ന്ന് 1.73 കോടി ചിലവിലാണ് തട്ടുപാലം പുനര്‍നിര്‍മിച്ചത്. മഴുവന്നൂര്‍ പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പാലം, മഞ്ചനാട് തോടിന് കുറുകെയാണ് സ്ഥിതിചെയ്യുന്നത്. 15 മീറ്റര്‍ നീളമുള്ള പാലത്തിന് 7.50 മീറ്റര്‍ കാര്യേജ് വേയും ഒരുവശത്ത് 1.50 മീറ്റര്‍ നടപ്പാതയുമുള്‍പ്പടെ 9.75 മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.3.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് അഞ്ചുകോടി രൂപ ചെലവിട്ടാണ് ആധുനിക നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നത്.
5.50 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്. കലുങ്കുകള്‍, ഡ്രെയ്നേജ് സംവിധാനങ്ങള്‍, ദിശാസൂചികകള്‍, അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ തുടങ്ങിയവയടക്കമാണ് റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.അഡ്വ. പിവി ശ്രീനിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി ടി ജയ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ടി ഷാബു, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സിന്ധു പോള്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി ജോയിക്കുട്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.